ആരാധകർ ആവേശത്തോടെ കാത്തിരുന്ന ജയസൂര്യ ചിത്രം ആട് 3 യുടെ ആദ്യ ഷോ അവസാനിച്ചു. ചിത്രം ഗംഭീരമെന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്.
പാപ്പനും പിള്ളേരും കപ്പടിച്ചു എന്നാണ് ആദ്യ വിലയിരുത്തൽ. ആദ്യ ഭാഗങ്ങളിലെ തമാശ അതേ നിലവാരത്തിൽ തുടരാൻ ആട് 3യ്ക്കും സാധിച്ചിട്ടുണ്ട്.
ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷ കാത്തെന്നും തമാശകളിലൂടെ തുടങ്ങി വിന്റെജ് ട്രാക്കിലേക്ക് കഥ മാറുന്നതോടെ വൻ സർപ്രൈസ് ആണ് കാത്തുവച്ചിരിക്കുന്നതെന്നും പറയുന്നു.
മുഴുനീള കോമഡി തന്നെയാണ് ചിത്രത്തിന്റെ ആകർഷണമെന്ന് പ്രേക്ഷകർ ഉറപ്പിച്ചു പറയുന്നു. ഷാജി പാപ്പനായി ജയസൂര്യ പതിവ് ഫോമിലെത്തിയപ്പോൾ വിനായകനും ധർമജനും വേറെ റേഞ്ച് പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.
വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ കോമഡി ഫാന്റസി ചിത്രം നിർമിക്കുന്നത്.
ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് "ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്". മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 2018 , അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിർമ്മിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി ആട് ഫ്രാൻഞ്ചൈസിലേക്കു കടന്നുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വർധിച്ചിട്ടുണ്ട്. 22 ചിത്രങ്ങൾ ഇതിനു മുൻപ് നിർമിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23-ാമത്തെ ചിത്രമാണ് ആട് 3.